അമൃത്സറിലുണ്ടായ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ 15 തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരന്തബാധിതരായ താമസക്കാരെ കാണുകയും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വ, അമൃത്സര്‍ എംപി ഗുര്‍ജീത് സിംഗ് ഔജ്ല, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ അമൃത്സറിലെ അജ്നാല ബ്ലോക്കിലെ ഘോനെവാള്‍ ഗ്രാമമാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. അവിടെ നാട്ടുകാരുമായി സംസാരിക്കുകയും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ഇതിന് ശേഷം, അമൃത്സറിലെ രാംദാസിലുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര ബാബാ ബുദ്ധ സാഹിബില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തുകയും പിന്നീട് ഗുരുദാസ്പൂര്‍ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഹിമാചല്‍ പ്രദേശ്, ജമ്മു & കാശ്മീര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ സത്ലജ്, ബിയാസ്, രവി നദികളിലെയും മറ്റ് നദികളിലെയും ജലനിരപ്പ് ഉയര്‍ന്നതും പ്രാദേശികമായി ലഭിച്ച കനത്ത മഴയും കാരണം പഞ്ചാബ് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഇപ്പോള്‍ നേരിടുന്നത്. ദുരന്തത്തില്‍ 56 ജീവന്‍ നഷ്ടപ്പെടുകയും 1.98 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുകയും പഞ്ചാബിന് 1,600 കോടി രൂപയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ അനുവദിച്ച 12,000 കോടി രൂപയ്ക്ക് പുറമെയാണിത്. കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, എല്‍. മുരുകന്‍, ബി.എല്‍. വര്‍മ്മ എന്നിവരും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ജീവനും സ്വത്തിനും കൃഷിക്കും സംഭവിച്ച വ്യാപകമായ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ സംസ്ഥാനം പാടുപെടുമ്പോള്‍, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനം.