ന്യൂഡല്‍ഹി: എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നത് നിര്‍ത്തി, താനുമായി ഒരു തുറന്ന സംവാദത്തിന് അദ്ദേഹത്തെ സമ്മതിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എത് വേദിയിലും എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.
വിഷയത്തില്‍ അമിത് ഷാ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ എസ്.ഐ.ആര്‍ വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ അമിത് ഷാ, കഴിഞ്ഞ വ്യാഴാഴ്ച ഹരിയാനയിലെ കര്‍നാലില്‍ വെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രസ്താവിച്ചിരുന്നു. ഈ മലക്കംമറിച്ചിലാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്.
പ്രധാനമന്ത്രി മോദിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍.ഡി.ടി.വിയിലോ അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ഏത് വേദിയിലോ സംവാദം നടത്താമെന്നും വിധികര്‍ത്താവിനെ തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ പോലും വിധികര്‍ത്താവായി അംഗീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം, വെറും അഞ്ച് മിനിറ്റിനുള്ളില്‍ പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്ന് തെളിയിച്ചു തരാമെന്നും വെല്ലുവിളിച്ചു. രാജ്യത്ത് ഉയരുന്ന വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു.
'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി