ആലപ്പുഴ: ചിന്ത വാരികയിലെ പുന്നപ്ര വയലാര്‍ പ്രത്യേക പതിപ്പിനെ ചൊല്ലി സിപിഐ - സിപിഎം തര്‍ക്കം മുറുകുന്നു. 'കേരളത്തെ പിടിച്ചു കുലുക്കിയ ആറ് ദിനം' എന്ന പ്രത്യേക പതിപ്പില്‍ സമര നായകരുടെ ചിത്രങ്ങള്‍ നല്‍കിയ രീതിക്കെതിരെയാണ് സിപിഐ രംഗത്തുവന്നിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനും സമര ചരിത്രത്തെ വികൃതമാക്കാനുമാണ് തോമസ് ഐസക്ക് ശ്രമിച്ചതെന്നാണ് സിപിഐ നേതാവ് ടി.ജെ. ആഞ്ചലോസിന്റെ കുറ്റപ്പെടുത്തല്‍.
സമര നായകനായ കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റേത് ഒമ്പതാമതുമായി നല്‍കിയത് അപലനീയമാണെന്ന് സിപിഐ ആരോപിക്കുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ തുടക്കമായ 1946 ലെ തൊഴിലാളി പണിമുടക്കിന് നേതൃത്വം നല്‍കിയ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ടി.വി. തോമസ്. സര്‍ സി.പിയുടെ വസതിയില്‍ വെച്ച് അധികാരികളെ ധീരമായി വെല്ലുവിളിക്കുകയും സമരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്ത ടി.വി. തോമസിനെ ചിന്ത വാരികയില്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റിന്റെ' റോളിലേക്ക് ചുരുക്കിയെന്നാണ് പ്രധാന വിമര്‍ശനം. സമര നായകരുടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിന് വിശദീകരണം നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
എന്നാല്‍, ഈ വിവാദങ്ങള്‍ പൂര്‍ണ്ണമായും അനാവശ്യമാണെന്ന നിലപാടിലാണ് തോമസ് ഐസക്ക്. 3,000 വാക്കുകളില്‍ ഒരു സമര ചരിത്രം ചുരുക്കിപ്പറയുമ്പോള്‍ എല്ലാം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി. കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയില്‍ നല്‍കിയിട്ടുള്ളത്. ഭക്തിവിലാസത്തിലെ യോഗത്തില്‍ സി.പി. രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി.വി. തോമസ് തന്നെയാണെന്ന് ലേഖനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ടാണ് അര പേജ് വരുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അടിക്കുറിപ്പായി നല്‍കിയതെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. അന്ന് സി.പി.ഐയും സി.പി.ഐ.എമ്മും രണ്ട് പാര്‍ട്ടികളല്ലാതിരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ചരിത്രം അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുന്നപ്ര-വയലാറില്‍ തമ്മിലടിച്ച് സിപിഎമ്മും സിപിഐയും; ചിന്ത വാരികയിലെ ലേഖനത്തെ ചൊല്ലി കലഹം