ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പി.ടി. ഉഷയുടെ തിരിച്ചുവരവിന് വീണ്ടും വെല്ലുവിളി. ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിര്‍ദേശത്തിലും എതിര്‍പ്പ്. ഐസ് ഹോക്കി ഫെഡറേഷനില്‍ പി.ടി. ഉഷ അംഗമല്ലെന്നും അതിനാല്‍ ഫെഡറേഷന്റെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാകില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കബഡി അസോസിയേഷന്‍ മുന്‍ ഭാരവാഹി കെ പി റാവുവിന് പിന്നാലെ അഭിഭാഷകന്‍ അതുല്‍ കുമാറും ഉഷയുടെ നാമനിര്‍ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി . വനിതാ പ്രതിനിധിയായി പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിനെതിരായ പരാതികളില്‍ ഇന്ന് പരിശോധനയും തീര്‍പ്പാക്കലും നടക്കും.
കെ പി റാവുവിന് പിന്നാലെ പി.ടി. ഉഷയുടെ നാമനിര്‍ദേശത്തിനെതിരെ പരാതി നല്‍കിയത് അഭിഭാഷകന്‍ അതുല്‍ കുമാര്‍ ആണ്. ഐഒഎ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവയ്ക്കാണ് പരാതി നല്‍കിയത്. ഉഷയ്ക്ക് ഐസ് ഹോക്കി ഫെഡറേഷനില്‍ അംഗത്വമില്ലെന്നും അതിനാല്‍ പ്രതിനിധിയായി ജനറല്‍ ബോഡിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ അര്‍ഹതയില്ലെന്നുമാണ് പരാതിയിലെ പ്രധാന വാദം. ഫെഡറേഷനില്‍ അംഗത്വമില്ലാത്ത ഉഷയെ എങ്ങനെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തുവെന്നാണ് പരാതിക്കാരുടെ ചോദ്യം.ഐഒഎ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 10.4 പ്രകാരം ദേശീയ കായിക ഫെഡറേഷനുകള്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികള്‍ അതത് ഫെഡറേഷനുകളില്‍ അംഗങ്ങളായിരിക്കണം.
ഇതോടെ പി.ടി. ഉഷയുടെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരസാധ്യത വീണ്ടും അനിശ്ചിതത്വത്തില്‍ ആയി. ഐഒഎ തിരഞ്ഞെടുപ്പില്‍ പി.ടി. ഉഷയുടെ സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുക ഇനി റിട്ടേണിങ് ഓഫീസറുടെ തീരുമാനമാകും. ഐസ് ഹോക്കി ഫെഡറേഷന്‍ വഴിയുള്ള ഉഷയുടെ നാമനിര്‍ദേശത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ ഇന്ന് പരിശോധനയും തീര്‍പ്പാക്കലും നടക്കും. ഫെഡറേഷനില്‍ അംഗത്വമില്ലെന്ന പരാതിക്കാരുടെ വാദം അംഗീകരിക്കപ്പെട്ടാല്‍ ഉഷയ്ക്ക് വോട്ടര്‍ പട്ടികയില്‍ ഇടം നഷ്ടമാകും. പരാതി തള്ളിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വഴിയും തുറന്നുകിട്ടും. നവംബര്‍ 15-ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവരുന്നതോടെ എല്ലാ കാര്യവും വ്യക്തമാകും.