ആസൂത്രണ ബോര്‍ഡ് പരീക്ഷാ അട്ടിമറിയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ പി.എസ്.സി കോടതിയെ സമീപിച്ചത് ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച്. പി.എസ്.സി ചെയര്‍മാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് ഈ നിര്‍ണ്ണായക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ. പ്രതാപന്‍ 10 ചോദ്യങ്ങള്‍ക്ക് അപൂര്‍ണ്ണമായ ഉത്തരമാണ് നല്‍കിയിരുന്നത്. ഈ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ക്ലറിക്കല്‍ വീഴ്ചയല്ലെന്നും, മറിച്ച് ബോധപൂര്‍വ്വമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടുന്നു. ജയലാല്‍ എന്ന ഉദ്യോഗാര്‍ത്ഥി നല്‍കിയ അപേക്ഷ ബോധപൂര്‍വ്വം വൈകിപ്പിച്ച് പരാതിക്കാരുടെ നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് ജേതാവിനെ സംരക്ഷിക്കാനും പി.എസ്.സി ശ്രമിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മാര്‍ക്ക് ഷീറ്റ് പരാതിക്കാര്‍ക്ക് കൈമാറാന്‍ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്.
ആരെയും പ്രതി ചേര്‍ക്കാതെ എടുത്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പി.എസ്.സിയുടെ നിലപാട് അന്വേഷണസംഘത്തെ സംശയത്തിലാക്കിയിരിക്കുകയാണ്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 180-ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി എസ് സി കോടതിയെ സമീപിച്ചത് ദുരൂഹം