പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ക്രൈംബ്രാഞ്ച്. നിലവിലെ കേസില്‍ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കും. ചോദ്യം ചെയ്യുവാനായി രണ്ട് പിഎസ്സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാനും തീരുമാനമായി. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിര്‍ദേശത്തോടെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് ക്രെം ബ്രാഞ്ച്.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷാക്രമക്കേടിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ്, ഫിഷറീസ്, ഖാദി ബോര്‍ഡ് പരീക്ഷകളിലെ ക്രമക്കേടുകളിലാണ് പ്രത്യേക അന്വേഷണസംഘം പിടിമുറുക്കുന്നത്. 2023 ലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ ആണ് ഗുരുതര ക്രമക്കേട് ഉയര്‍ന്നിരിക്കുന്നത്. പരീക്ഷയിലെ 100 ചോദ്യങ്ങളില്‍ 47 എണ്ണവും ഓണ്‍ലൈന്‍ ഗൈഡില്‍ നിന്നും പകര്‍ത്തിയതാണെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. 2020 ലെഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയിലും ഗുരുതര ആരോപണമാണ് ഉയരുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലും ഇന്റര്‍വ്യൂ ബോര്‍ഡിലും കുഫോസിലെ ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും ഉണ്ടായിരിക്കെ കുഫോസിലെ 38 പേര്‍ക്ക് നിയമനം ലഭിച്ചതാണ് വിവാദമായിരിക്കുന്നത്. 2019 ലെഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ നിയമനവും വിവാദത്തിലാണ്.ഈ പരീക്ഷകളില്‍
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനുള്ള അനുമതി പ്രത്യേക അന്വേഷണസംഘം തേടിയിരിക്കുകയാണ്.
ഇതിനു പുറമേ 16 വര്‍ഷം മുന്‍പു നടന്ന പിഎസ്സി എസ്‌ഐ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ആന്തരമന്ത്രിക്ക് ലഭിച്ചിരിക്കുന്ന പരാതിയിലും അന്വേഷണം ഉണ്ടാകും. കൊല്ലം മുണ്ടക്കല്‍ സ്വദേശിയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്. വിവിധപരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 190 ലേറെ പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. നിലവിലെ പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ഉടന്‍ പ്രതി ചേര്‍ക്കും. രണ്ട് പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുവാനായി വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിക്കും.കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിര്‍ദേശത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയാണ്. ഹൈക്കോടതി വീണ്ടും കേസ് 27ന് പരിഗണിക്കും.
പി എസ് സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്; രണ്ട് അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ്