വിവാദപരമായ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ എഴുത്തുപരീക്ഷയിൽ ഏഴാം സ്ഥാനത്തായിരുന്ന സി.പി.എം നേതാവിന്റെ മകന് അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയതായി കണ്ടെത്തൽ. സി.പി.എം സംസ്ഥാന സമിതി മുൻ അംഗവും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മുൻ മാനേജരുമായിരുന്ന കെ. വരദരാജന്റെ മകൻ ശരത് വി. രാജനാണ് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് വാരിക്കോരി മാർക്ക് നൽകിയത്.
എഴുത്തുപരീക്ഷയിൽ 40.62 മാർക്ക് മാത്രം ലഭിച്ച് ഏഴാം സ്ഥാനത്തായിരുന്ന ശരത്തിന് അഭിമുഖത്തിൽ 23 മാർക്ക് നൽകിയെങ്കിലും, മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ റാങ്ക് പട്ടികയിൽ ആറാം റാങ്ക് നേടാനേ സാധിച്ചുള്ളൂ. അതേസമയം, പരീക്ഷയിൽ 59.5 മാർക്കോടെ ഒന്നാം സ്ഥാനം നേടിയ കെ. ശ്യാംകൃഷ്ണന് അഭിമുഖത്തിൽ 19 മാർക്ക് മാത്രമാണ് ലഭിച്ചത്. പട്ടികയിലെ മറ്റുള്ളവർക്ക് 16, 18 എന്നീ ക്രമത്തിലാണ് മാർക്ക് നൽകിയിട്ടുള്ളത്.
പാർട്ടി ബന്ധമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ ബോർഡ് ഉയർന്ന മാർക്ക് നൽകി പരീക്ഷാ ഫലത്തെ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും നിലവിൽ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പി.എസ്.സി ചെയർമാനെയും ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യുന്നത്. അതേസമയം, മാർക്കുതട്ടിപ്പ് വിവാദമായതിനെ തുടർന്ന് ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയം നടത്തി ഒൻപതാം തീയതി പുറത്തുവിട്ട പുതിയ റാങ്ക് പട്ടികയിലും ശരത്തിന് ആറാം റാങ്ക് തന്നെയാണ് ലഭിച്ചത്.