ന്യൂഡല്‍ഹി: ഭീകരശൃംഖലകളെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിലയ്ക്കുനിര്‍ത്താന്‍ ഇന്ത്യ പൂര്‍ണ്ണ സജ്ജമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടായി നടത്തുന്ന പരമ്പരാഗത സന്ദേശത്തിലാണ് രാഷ്ട്രപതി ഇന്ത്യയുടെ ശക്തമായ നയം വ്യക്തമാക്കി സംസാരിച്ചത്. ഭീകരരും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും എവിടെ ഒളിച്ചാലും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി.ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ മികവാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' തെളിയിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് നിര്‍ണ്ണായകമായ ചുവടുവെപ്പാണ്. ദേശീയ താല്‍പ്പര്യവും രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനമെടുത്തതെന്നും രാഷ്ട്രപതി വ്യക്തമാക്കി. നീതിന്യായം, യുവശക്തി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികള്‍ കാരണം ആര്‍ക്കും നീതി നിഷേധിക്കപ്പെടരുത്. നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. വികസനത്തിന്റെ ഫലം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പൊതുപരീക്ഷകളില്‍ ക്രമക്കേടുകള്‍ തടയുന്നതിനും പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നത്. അടുത്തിടെ നടന്ന വിജയകരമായ റോക്കറ്റ് വിക്ഷേപണത്തിന് പിന്നില്‍ ശരാശരി 28 വയസ്സുള്ള യുവാക്കളായിരുന്നുവെന്നത് ഇന്ത്യയുടെ യുവശക്തിയുടെ തെളിവാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന് മുന്‍പായി രാഷ്ട്രപതി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചു.
ഭീകരര്‍ എവിടെ ഒളിച്ചാലും പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു