കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉള്‍പ്പെട്ട കാര്‍ട്ടണ്‍ കമ്പനി കരാര്‍ വിവാദത്തില്‍ നിര്‍ണായക വഴിതിരിവ്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ആസിഫിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്ന ബാങ്ക് രേഖകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. ജില്ലാ പഞ്ചായത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കിയതിലെ ദുരൂഹത നിലനില്‍ക്കെയാണ് സാമ്പത്തിക ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
തനിക്ക് പി.പി. ദിവ്യയുമായി ബന്ധമില്ലെന്നും പണമിടപാട് രേഖകള്‍ വ്യാജമാണെന്നുമായിരുന്നു കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എം.ഡി. മുഹമ്മദ് ആസിഫിന്റെ വാദം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, സില്‍ക്ക് (SILK) എം.ഡി, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍, ദിവ്യയുടെ സഹോദരന്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന ആസിഫിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ അക്കൗണ്ടുകളിലേക്ക് കമ്പനി അക്കൗണ്ടില്‍ നിന്ന് പണവും സമ്മാനങ്ങളും കൈമാറിയതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരളയുടെ (SILK) ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണം വാങ്ങി നല്‍കിയതും ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതും രേഖകളില്‍ വ്യക്തമാണ്. കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനവാസ് പാദൂര്‍ പണം കൈപ്പറ്റിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
കമ്പനി രേഖകളില്‍ മുഹമ്മദ് ആസിഫും ബിജു മോഹനുമാണ് ഡയറക്ടര്‍മാരെങ്കിലും, പി.പി. ദിവ്യ, പി.പി. ഷാജിര്‍, ആസിഫ് എന്നിവരുടെ നിയന്ത്രണത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഡയറക്ടറായ ബിജു മോഹന്‍, നവീന്‍ ബാബു മരണപ്പെടുന്നതിന് മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടതായി ആരോപണം നേരിട്ട വിജിലന്‍സ് സി.ഐ ബിനുമോഹന്റെ ജ്യേഷ്ഠനാണെന്ന വിവരവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, മുഹമ്മദ് ആസിഫിന്റെയും പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി.പി. അജിത്തിന്റെയും പേരില്‍ കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രജിസ്‌ട്രേഷന്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്.
ഷാനവാസ് പാദൂരിന് നല്‍കാനുള്ള 15 ലക്ഷം രൂപയെക്കുറിച്ചും, കണക്കില്‍ ഇത് കാറൂര്‍ എക്‌സ്പെന്‍സ് എന്ന് മാറ്റിയെഴുതാന്‍ നിര്‍ദ്ദേശിക്കുന്നതുമായ ആസിഫിന്റെ ശബ്ദസന്ദേശവും പുറത്തായിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണങ്ങളും പുറത്തുവന്ന ബാങ്ക് രേഖകളും തമ്മില്‍ വലിയ വൈരുധ്യമുള്ളതിനാല്‍, കാര്‍ട്ടണ്‍ കമ്പനി പി.പി. ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം ലഭിച്ചിരിക്കുകയാണ്.
പി.പി. ദിവ്യ ഉള്‍പ്പെട്ട കാര്‍ട്ടണ്‍ കമ്പനി വിവാദം: എം.ഡിയുടെ വാദങ്ങള്‍ പൊളിച്ച് ബാങ്ക് രേഖകളും ശബ്ദസന്ദേശവും പുറത്ത്