തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി അവധി അപേക്ഷയിൽ തിരിമറി നടത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) ശരിവെച്ചു. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥ നൽകിയ ഹരജി ട്രൈബ്യൂണൽ തള്ളി.
വകുപ്പു മന്ത്രിയുടെയും സെക്രട്ടറിയുടെയും വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്ന് ഉദ്യോഗസ്ഥ ഫയലിൽ ക്രമക്കേട് നടത്തുകയും ബി.ജെ.പി കൗൺസിലർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്ന സർക്കാരിന്റെ കണ്ടെത്തൽ ട്രൈബ്യൂണൽ അംഗീകരിച്ചു. തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അണ്ടർ സെക്രട്ടറി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാർ ഹാജരാക്കിയ രേഖകളും വാദങ്ങളും പരിശോധിച്ച ട്രൈബ്യൂണൽ, സസ്പെൻഷൻ നടപടി പൂർണ്ണമായും ന്യായമാണെന്ന് വിധിക്കുകയായിരുന്നു.