മുൻ സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് ഒഴിവാകുകയും പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഉൾപ്പെടുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, കഴിഞ്ഞ മാസം 2-ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത പ്രതികളെ പിടികൂടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് 15 പ്രമുഖ എസ്എഫ്ഐ നേതാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സെക്രട്ടേറിയറ്റ് മാർച്ചിന്റെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ നേതാക്കളെ പിടികൂടാൻ പോലീസ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, മുൻ സർക്കാരിന്റെ കാലത്ത് ഗവർണർക്കെതിരെ നടത്തിയ സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ച കേസ് ഉൾപ്പെടെയുള്ള പഴയ കേസുകളിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ മുൻകാലങ്ങളിലെപ്പോലെ ഇനിയും നടപടിയെടുക്കാതിരിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് പോലീസ്.