ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രെമകെടുമായി ബന്ധപ്പെട്ടു പി എസ് സി നല്‍കിയ ഹര്‍ജിയില്‍ പി എസ് സിക്ക് കനത്ത തിരിച്ചടി. രൂക്ഷ ഭാഷയില്‍ ആയിരുന്നു കോടതി വിഷയത്തില്‍ ഇടപെട്ടത്. യുവാക്കള്‍ കടുത്ത നിരാശയിലാണെന്നും ഭാവി തന്നെ നഷ്ടപ്പെടുമെന്ന ആശങ്ക അവരില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. കഠിനാധ്വാനം ചെയ്ത് പഠിച്ചാണ് ഉദ്യോഗാര്‍ഥികള്‍ റാങ്ക് പട്ടികയില്‍ ഇടം നേടാന്‍ ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎസ്സിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
വിഷയത്തില്‍ പിഎസ്സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാര്‍ രംഗത്തെത്തി. രാജ്യത്ത് വിവിധ തരത്തിലുള്ള പരീക്ഷാ ക്രമക്കേടുകള്‍ കേട്ടിട്ടുണ്ടെങ്കിലും മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍നിന്ന് വ്യത്യസ്തവും പുതിയ രീതിയിലുള്ളതുമായ ക്രമക്കേടാണ് ഇവിടെ നടന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താതെ ഒരു വര്‍ഷത്തോളം പിടിച്ചുവെച്ചത് ഗുരുതരമായ വിഷയമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഉത്തരങ്ങള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കേണ്ട ഉത്തരക്കടലാസുകള്‍ സമയബന്ധിതമായി കൈമാറിയില്ലെന്നും ഇത് കേവലം ക്ലറിക്കല്‍ പിഴവോ സാങ്കേതിക പിഴവോ ആയി കാണാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാന്‍ പിഎസ്സിക്ക് അധികാരമില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ പിഎസ്സിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. പിഎസ്സിയുടെ വാദങ്ങള്‍ പരസ്പരവിരുദ്ധമാണെന്നും അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നുവെന്നും സര്‍ക്കാര്‍ ആരോപിച്ചു. മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെങ്കില്‍ ഉത്തരക്കടലാസുകള്‍ കൃത്യസമയത്ത് കൈമാറുമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ പിഎസ്സിയുടെ നിലപാടുകളെയും നടപടികളെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ വാദങ്ങള്‍.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: യുവജനങ്ങളുടെ ഭാവി ആശങ്കയില്‍; പി.എസ്.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം