തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കസ്റ്റഡി വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ സുരക്ഷയും ആരോഗ്യസ്ഥിതിയും ഉറപ്പാക്കുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ഡൽഹിയിലെ റസിഡന്റ് കമ്മീഷണർക്കും മുഖ്യമന്ത്രി നിർദേശം നൽകി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായ പിണറായി വിജയൻ എവിടെയാണുള്ളതെന്നും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് നിർദേശം. അദ്ദേഹത്തെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി വിജയന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കസ്റ്റഡിയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പിന്നാലെ പിണറായി വിജയനെ ഉടൻ വിട്ടയയ്ക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.