സി എം ആര് എല്‍ - എക്സാലോജിക് കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയന് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത നടപടികളില്‍നിന്ന് സംരക്ഷണം ലഭിക്കുമോ എന്നതും കേസിലെ തുടര്‍ നടപടികള്‍ക്ക് സുപ്രീംകോടതി എന്ത് നിര്‍ദേശം നല്‍കുമെന്നതുമാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.
സിഎംആര്‍എല്ലും വീണാ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനം. സേവനങ്ങള്‍ നല്‍കിയതിന് പ്രതിഫലമായാണോ പണം കൈമാറിയത്, അതോ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഒക്ടോബര്‍ ഒമ്പതിന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബാംഗങ്ങളും നല്കിയ അപ്പീല്‍ ഒക്ടോബര്‍ 15-ന് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിജിലന്‍സ് അന്വേഷണം തുടരുന്നതിന് എതിരായ നിയമപരമായ വെല്ലുവിളിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതി ഉത്തരവിന്റെ നിയമസാധുത, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് കൂടുതല്‍ പരിശോധന ആവശ്യമുണ്ടായിരുന്നോ, അന്വേഷണ നടപടികള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം വേണമോ തുടങ്ങിയ വിഷയങ്ങള്‍ ഹര്‍ജിയിലെ വാദങ്ങളില്‍ പ്രധാനമാകും.
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ