കൊച്ചി: സി.എം.ആര്.എല്‍ എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡിക്ക് മുന്നില്‍ ഉടന്‍ ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് തിരുവനന്തപുരത്തെ വസതിയില്‍ ഇഡി നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന കാര്യം ഇഡിയെ രേഖാമൂലം അറിയിക്കും.
നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തിരക്കുകളും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടുന്നത്. ഈ മാസം 29 വരെയാണ് നിയമസഭാ സമ്മേളനം. ഇതിനുപുറമെ, നാളെ മുതല്‍ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്. സേവനങ്ങളൊന്നും നല്‍കാതെ പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള അപ്പീലില്‍ അന്തിമവിധി വരുന്നത് വരെയും മറ്റു നിയമനടപടികളുടെ പശ്ചാത്തലത്തിലും നേരിട്ട് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
കഴിഞ്ഞ 10 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട്-നിക്ഷേപ വിവരങ്ങള്‍, സ്വത്ത് വിവരങ്ങള്‍, പാസ്പോര്‍ട്ട് രേഖകള്‍, സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്; നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളും ചൂണ്ടിക്കാട്ടും