തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചർ വാങ്ങിയതിൽ ചട്ടലംഘനങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. കണ്ണൂർ പിണറായി സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിടനിർമാണം പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിയതും അന്വേഷണ പരിധിയിലുണ്ട്.
ക്രമക്കേടുകളുടെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് മന്ത്രി വിജിലൻസിനെ ചുമതലപ്പെടുത്തിയത്. നാഷണൽ ആയുഷ് മിഷന്റെ മുൻ സംസ്ഥാന പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുക. പിണറായിക്ക് പുറമെ മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ആശുപത്രികളിലേക്കും ചട്ടങ്ങൾ പാലിക്കാതെ വലിയ തോതിൽ ഫർണിച്ചർ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.