വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പദവിയില്‍ നിന്ന് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ തടഞ്ഞു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി നടത്തിയെന്നും ലഹരിക്കടത്ത് ബോട്ടുകള്‍ക്ക് നേരെ ആക്രമണത്തിന് ഉത്തരവിട്ടെന്നും ആരോപിച്ച് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി തോമസ് മാസിയാണ് ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, പ്രമേയം നേരിട്ട് വോട്ടിനിടുന്നതിന് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ജുഡീഷ്യറി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം 204-നെതിരെ 211 വോട്ടുകള്‍ക്ക് സഭ പാസാക്കി. ഇതോടെ ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ നിലവില്‍ നിര്‍ത്തിവെക്കപ്പെട്ട മട്ടാണ്.
ഇംപീച്ച്മെന്റ് തടഞ്ഞതിനേക്കാള്‍ വലിയ വിവാദമാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉള്ളില്‍ പുകയുന്നത്. നിര്‍ണ്ണായക വോട്ടെടുപ്പ് നടന്ന സമയത്ത് 11 ഡെമോക്രാറ്റിക് പ്രതിനിധികള്‍ സഭയില്‍ ഹാജരാകാതിരുന്നതാണ് സഹപ്രവര്‍ത്തകരെ കടുത്ത അമര്‍ഷത്തിന് കാരണമായത്. കേവലം 7 വോട്ടുകളുടെ വ്യത്യാസത്തിലാണ് പ്രമേയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലമാക്കിയത്. ഈ 11 അംഗങ്ങളും വോട്ട് ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന വിമര്‍ശനമാണ് ഉയരുന്നത്. അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, സിഡ്‌നി കാംലാഗര്‍-ഡോ തുടങ്ങിയ പ്രമുഖ ഡെമോക്രാറ്റ് നേതാക്കള്‍ സഭയില്‍ എത്താത്ത ജനപ്രതിനിധികളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. ജനങ്ങള്‍ വോട്ട് നല്‍കി തിരഞ്ഞെടുത്തത് ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാണെന്നും നിര്‍ണ്ണായക വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഉണ്ടാകണമായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന 11 ഡെമോക്രാറ്റ് അംഗങ്ങളില്‍ മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പെടുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു പൂര്‍വ്വസൈനിക ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോയതിനാലാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അവരുടെ ഓഫീസ് വ്യക്തമാക്കി. റോഡിലെ ഗതാഗത തടസ്സം മൂലം സമയത്തിന് സഭയിലെത്താന്‍ സാധിച്ചില്ലെന്ന് മെലാനി സ്റ്റാന്‍സ്ബറി, ലോറ ഗില്ലന്‍, ജോനാഥന്‍ ജാക്‌സണ്‍, ബ്രിട്ട്‌നി പെറ്റേഴ്‌സണ്‍, മര്‍ലിന്‍ സ്ട്രിക്ലാന്റ് എന്നിവര്‍ വിശദീകരിച്ചു. വൈദ്യപരിശോധനയിലായിരുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് ലൂയിസ് കൊറിയ വ്യക്തമാക്കിയപ്പോള്‍, സ്റ്റീവന്‍ ഹോര്‍സ്‌ഫോര്‍ഡ്, ഹേലി സ്റ്റീവന്‍സ്, ഫ്രെഡറിക്ക വില്‍സണ്‍ എന്നിവര്‍ വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഇംപീച്ച്മെന്റ് നടപടികള്‍ തടയാനായതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്യുകയും ഹെഗ്സെത്തിനെ പ്രശംസിക്കുകയും ചെയ്തു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ നാടകമാണെന്നാണ് പീറ്റ് ഹെഗ്സെത് പ്രതികരിച്ചത്. നിലവില്‍ ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയിലുള്ള ഈ പ്രമേയത്തില്‍ ഭാവി നടപടികള്‍ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ കോണ്‍ഗ്രസ് സഭ നിലവില്‍ വരുമ്പോള്‍ വിഷയത്തില്‍ ശക്തമായ തിരികെ വരവിന് ശ്രമിക്കുമെന്ന സൂചനയാണ് ഡെമോക്രാറ്റിക് നേതൃത്വം നല്‍കുന്നത്.
പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം യുഎസ് ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു; നിര്‍ണ്ണായക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് 11 ഡെമോക്രാറ്റുകൾ