ചങ്കിടിച്ച് സിപിഎം; നേതൃത്വത്തെ തിരുത്താൻ അണികൾ വരുമോ?;വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നാളെ പയ്യന്നൂരിൽ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്നതിനിടെ, പാർട്ടി നേതൃത്വത്തെയും പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെയും പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നാളെ നടക്കും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. പയ്യന്നൂർ ഗാന്ധി പാർക്കിൽ വൈകുന്നേരം 4.30-ന് നടക്കുന്ന ചടങ്ങിൽ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യും. വി.എസ്. അനിൽകുമാറാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ട്, സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്. ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച വെളിപ്പെടുത്തലുകൾ പാർട്ടി ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പുസ്തക പ്രകാശനത്തിന് മുൻപ് ഫണ്ടിന്റെ കണക്കുകൾ പാർട്ടി പരസ്യപ്പെടുത്തണമെന്ന വെല്ലുവിളിയും കുഞ്ഞികൃഷ്ണൻ ഉയർത്തിക്കഴിഞ്ഞു.
അതേസമയം, കുഞ്ഞികൃഷ്ണന്റെ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സി.പി.എം നീക്കം. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ ഏറ്റുപിടിച്ചാലും പയ്യന്നൂരിലെ ജനങ്ങൾ പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുമ്പോഴും നേതൃത്വത്തിന് ഉള്ളിൽ ആശങ്കയുണ്ട്. കുഞ്ഞികൃഷ്ണന് മറുപടിയായി ഈ മാസം ആറാം തീയതി വിശദീകരണ യോഗം വിളിക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകം പയ്യന്നൂരിലെ സി.പി.എം കോട്ടകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.