കേരളം കാത്തിരുന്ന സദ്ഭരണത്തിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കാൻ ജനങ്ങൾ ആഗ്രഹിച്ച നേതാവിനെ തന്നെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തു വർഷമായി കേവലമൊരു പരസ്യവാചകം മാത്രമായി മാറിയ 'നമ്പർ വൺ കേരളം' എന്ന പദവി യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് ഇനി വേണ്ടതെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. വികസന സൂചികകളിൽ കേരളത്തിന് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം. കഴിഞ്ഞ ഭരണകാലത്തുണ്ടായ പാളിച്ചകളും വിള്ളലുകളും പരിഹരിക്കാൻ പുതിയ സർക്കാരിന്റെ സദ്ഭരണത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞ് പ്രവർത്തിക്കാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവർത്തനം ഭരണത്തിന് കരുത്താകും. കേരളത്തിന്റെ സമഗ്രമായ ഉയിർപ്പിനായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് സാധിക്കട്ടെ എന്നും സാദിഖലി തങ്ങൾ തന്റെ കുറിപ്പിലൂടെ ആശംസിച്ചു.