നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിയിൽ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യവുമായി അണികൾ രംഗത്ത്. ഇതിന്റെ ഭാഗമായി വണ്ടൂർ വാണിയമ്പലം കറുത്തേനിയിൽ പി. ജയരാജനെ അനുകൂലിച്ച് വലിയ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'പി ജെ ആർമി' എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
“വാക്കുകളല്ല വർത്തമാനകാലം ആവശ്യപ്പെടുന്നത്… പ്രതിരോധത്തിന്റെ കരുത്താണ്…” എന്ന ശ്രദ്ധേയമായ വരികളാണ് ഫ്ലെക്സിലുള്ളത്. "ആ കരുത്തുമായി പിജെ വരട്ടെ" എന്ന സന്ദേശം പാർട്ടി നേതൃത്വത്തിനുള്ള അണികളുടെ മറുപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കാൻ ജയരാജനെപ്പോലെയുള്ള കരുത്തുറ്റ നേതാക്കൾ വേണമെന്ന വികാരമാണ് ഇതിലൂടെ പ്രകടമാകുന്നത്.
ജില്ലയിലെ 16 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിൽ പി. ജയരാജനെപ്പോലൊരു നേതാവ് സജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാകുന്നു എന്നതിന്റെ സൂചനയായാണ് ഈ ഫ്ലെക്സ് ബോർഡുകൾ കാണപ്പെടുന്നത്.