കേരളത്തെ പൂർണ്ണമായും മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ആഞ്ഞടിക്കുന്നു. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ മിന്നൽ വേഗത്തിലായിരുന്നു പോലീസിന്റെ നടപടികൾ. പോലീസ് മുക്കും മൂലയും അരിച്ചുപെറുക്കി ലഹരിസംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിനിടെ, ഈ വീഡിയോയ്ക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറിച്ച, "പെരുമ്പാവൂർ തൂഫാനടിച്ചോ?" എന്ന കമന്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ലഹരി മാഫിയയ്‌ക്കെതിരെയുള്ള മന്ത്രിയുടെ ഈ പുതിയ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധയിടങ്ങളിൽ നിന്നായി നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്യുകയും 296 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പരിശോധനകളിൽ നിന്നായി 0.3565 കിലോഗ്രാം എം.ഡി.എം.എ, 10.893 കിലോഗ്രാം കഞ്ചാവ്, 157 കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ലഹരിയുടെ ഉറവിടം തേടി 'തൂഫാൻ ഇന്റലിജൻസ്'
മയക്കുമരുന്നിന്റെ വിപണന ശൃംഖല പൂർണ്ണമായും തകർക്കുന്നതിനായി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ 'തൂഫാൻ ഇന്റലിജൻസ്' എന്ന പേരിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക മാത്രമാണ് ഈ സംഘത്തിന്റെ ദൗത്യം.
ലഹരി വിപണനവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനി നേരിട്ട് പൊലീസിന് കൈമാറാം. ഇതിനായി 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളും, 9995966666 എന്ന വാട്സ്ആപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.