മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം കെപിസിസിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കാൻ തീരുമാനിച്ചു. ജൂലൈ 18-ന് സംസ്ഥാനവ്യാപകമായി സമുചിതമായ രീതിയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ജൂലൈ 18 ന് രാവിലെ 9.30-ന് കെപിസിസി ആസ്ഥാനത്ത് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കെപിസിസി ഭാരവാഹികൾ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
തലസ്ഥാനത്തെ പ്രധാന ചടങ്ങുകൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. അന്നേ ദിവസം രാവിലെ 8 മണി മുതൽ പ്രാദേശിക തലങ്ങളിലുള്ള ഈ അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും.