ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്നേഹസ്മരണയായി നിറഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം കാരുണ്യപ്രവർത്തനങ്ങളോടെ ആഘോഷിക്കുന്നു. അദ്ദേഹം പകർന്നുനൽകിയ കരുതലിന്റെയും കാരുണ്യത്തിന്റെയും മഹത്തായ സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അറിയിച്ചു.
ജന്മദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ്‌സിംഗ് രൂപനാണ് സ്കോളർഷിപ്പ് വിതരണം നിർവഹിക്കുന്നത്. അതോടൊപ്പം, രണ്ടാമത് ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്യും.
സ്നേഹവും സേവനവും സ്വന്തം ജീവിതമുദ്രയാക്കിയ ജനനായകന്റെ ഓർമകൾക്ക് കൂടുതൽ അർത്ഥവും തിളക്കവും പകരുന്ന രീതിയിലാണ് ഇത്തവണത്തെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.