തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. തിരുവനന്തപുരം രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. തമിഴ്‌നാട് ഗവർണറായി സ്ഥലംമാറിയ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് പകരമാണ് രാജസ്ഥാൻ പാലി ജില്ല സ്വദേശിയായ ഓം പ്രകാശ് മാഥൂർ എത്തുനന്ത്. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹത്തെ രാഷ്ട്രപതി കേരളത്തിലേക്ക് നിയമിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണർക്ക് വൻ സ്വീകരണമാണ് സംസ്ഥാന സർക്കാർ നൽകിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ കേരളത്തിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും സ്നേഹവും സൗഹാർദവും നിറഞ്ഞ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് രാവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും അദ്ദേഹം ചടങ്ങിലേക്ക് എത്തുക.
അതേസമയം, പുതിയ ഗവർണറെ സ്വാഗതം ചെയ്യുന്നതോടൊപ്പം തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറിപ്പോകുന്ന മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി. ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന് പുതിയ അമരക്കാരൻ: 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും