സാന്‍ ഫ്രാന്‍സിസ്‌കോ: വ്യക്തിജീവിതത്തിലെ വിവാദങ്ങളുടെയും ചൈനീസ് ചാര വനിതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ പുറത്താക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ഒരുങ്ങുന്നു. ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡ് യോഗം ചേരുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ എന്‍വിഡിയ ഓഹരികളില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായി. ഇതോടെ ഈ ആഴ്ച മാത്രം കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏകദേശം 600 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് കമ്പനികള്‍ക്ക് അനധികൃതമായി എന്‍വിഡിയ ചിപ്പുകള്‍ എത്തിച്ചുനല്‍കാന്‍ സഹായിച്ചെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന ചൈനീസ് വ്യവസായി ആലീസ് ഹുവാങ്ങുമായുള്ള ജെന്‍സന്‍ ഹുവാങ്ങിന്റെ ബന്ധമാണ് ആദ്യം വിവാദമായത്. ഇതിന് പിന്നാലെ, എന്‍വിഡിയയുടെ ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായി ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍, താന്‍ ഭാര്യയോട് അവിശ്വസ്തത കാണിച്ചതായി ഹുവാങ് സമ്മതിക്കുകയും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
1993-ല്‍ എന്‍വിഡിയ സഹസ്ഥാപകനായി എത്തിയ 63-കാരനായ ഹുവാങ് പടിയിറങ്ങുന്നത് ഏകദേശം 4 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയില്‍ വലിയ നേതൃത്വ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കമ്പനിയില്‍ വ്യക്തമായൊരു പിന്‍ഗാമിയില്ലാത്തതാണ് പ്രധാന വെല്ലുവിളി. എന്‍വിഡിയയുടെ 3.6 ശതമാനം ഓഹരികള്‍ കൈവശമുള്ള ഹുവാങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. അതേസമയം, ഹുവാങ് ഏതെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ കെണിയില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍വിഡിയ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങളോ കമ്പനി നയങ്ങളുടെ ലംഘനമോ തെളിയിക്കപ്പെട്ടാല്‍ ബോര്‍ഡ് കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹുവാങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 'രാജ്യത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാന്യനായ വ്യക്തിയാണ്' ഹുവാങ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ചൈനയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തില്‍ അടച്ചിട്ട മുറിയില്‍ വിശദീകരണം നല്‍കാന്‍ ഹുവാങ്ങിന് യുഎസ് കോണ്‍ഗ്രസ് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്‍വിഡിയയിലെ പ്രതിസന്ധി ആഗോള ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്. നാസ്ഡാക് ഫ്യൂച്ചറുകള്‍ ഒരു ശതമാനത്തോളം ഇടിഞ്ഞപ്പോള്‍, എന്‍വിഡിയയുടെ എതിരാളികളായ എഎംഡി (AMD), ബ്രോഡ്കോം (Broadcom) എന്നിവയുടെ ഓഹരികള്‍ യഥാക്രമം നാല് ശതമാനവും മൂന്ന് ശതമാനവും ഉയര്‍ന്നു. എന്‍വിഡിയയിലുണ്ടാകുന്ന ഭരണസ്തംഭനം തങ്ങള്‍ക്ക് വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഈ കമ്പനികള്‍ക്ക് നേട്ടമായത്.
വിവാദങ്ങളില്‍ കുരുങ്ങി എന്‍വിഡിയ മേധാവി; ജെന്‍സന്‍ ഹുവാങ്ങ് പടിയിറങ്ങുന്നു?; വിപണി മൂല്യത്തില്‍ വന്‍ ഇടിവ്