പ്രശസ്ത തമിഴ് സംവിധായകന്‍ റാമിന്റെ രചനയിലും സംവിധാനത്തിലും നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'യേഴു കടല്‍ യേഴു മലൈ' ഒക്ടോബര്‍ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത 'റിച്ചി'ക്ക് ശേഷം നിവിന്‍ പോളി തമിഴില്‍ അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ്.
എണ്ണായിരത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന ഒരു അമരനായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. തിയേറ്റര്‍ റിലീസിന് മുന്നോടിയായി തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം വലിയ പ്രശംസ നേടിയിരുന്നു. 53-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 'വി പ്രോ ബിഗ് സ്‌ക്രീന്‍ അവാര്‍ഡിനായി' മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളില്‍ ഒന്നായ 'യേഴു കടല്‍ യേഴു മലൈ', പ്രീമിയര്‍ പ്രദര്‍ശനത്തില്‍ തന്നെ മികച്ച നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരനും, നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന വ്യക്തിയും തമ്മിലുള്ള വേറിട്ട ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. യുവാന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രവി മരിയ, എന്‍. അഴക പെരുമാള്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
എന്‍. കെ. ഏകാമ്പരന്‍ ഛായാഗ്രഹണവും മതി വി. എസ്. എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഉമേഷ് ജെ. കുമാര്‍ പ്രൊഡക്ഷന്‍ ഡിസൈനറും സ്റ്റണ്ട് സില്‍വ ആക്ഷന്‍ കൊറിയോഗ്രാഫറുമാണ്. സാന്‍ഡി (നൃത്തസംവിധാനം), ചന്ദ്രകാന്ത് സോനാവാനെ (കോസ്റ്റ്യൂം ഡിസൈനര്‍), പട്ടണം റഷീദ് (മേക്കപ്പ്), ശബരി (പി.ആര്‍.ഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
നിവിന്‍ പോളി- റാം ചിത്രം 'യേഴു കടല്‍ യേഴു മലൈ' ഒക്ടോബര്‍ 1-ന് തിയേറ്ററുകളിലേക്ക്; കേരളത്തിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്