വാഷിങ്ടൺ: അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിൽക്കുന്ന ഇസ്രായേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാനെതിരെ പുതിയ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നു. ഈ സാഹചര്യത്തിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ അടിയന്തരമായി അമേരിക്കയിലെത്തി. സി.ഐ.എ. ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇറാൻ യുദ്ധസാഹചര്യങ്ങൾ ചർച്ച ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഗോഫ്മാൻ മയാമിയിലേക്ക് തിരിക്കുമെന്നും 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഇറാനിൽ ഇടപെട്ട് തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും, നെതന്യാഹുവിന്റെ പുതിയ യുദ്ധപദ്ധതിയിൽ അമേരിക്കയെ ഏതുവിധേനയും പങ്കാളിയാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. എന്നാൽ, ഈ രഹസ്യ കൂടിക്കാഴ്ചകളെക്കുറിച്ച് മൊസാദോ വൈറ്റ് ഹൗസോ സി.ഐ.എ.യോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരെ യുദ്ധത്തിന് മുതിരുന്ന നെതന്യാഹുവിന്റെ നീക്കത്തെ മൊസാദിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ എതിർത്തിരുന്നു.
നെതന്യാഹുവിന്റെ ഈ നീക്കങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്. പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് ഇറങ്ങാൻ ട്രംപിന് നിലവിൽ താൽപ്പര്യമില്ലെന്നാണ് സൂചന. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി, നെതന്യാഹുവുമായി കൂടിയാലോചിക്കാതെ ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്താനാണ് ട്രംപ് ശ്രമിക്കുന്നത്. അതിനാൽ, ഇറാനെ ആക്രമിക്കാൻ ഇസ്രായേലിനൊപ്പം ചേരണമെന്ന മൊസാദിന്റെ ആവശ്യത്തിന് ട്രംപ് പച്ചക്കൊടി കാണിക്കാൻ സാധ്യത കുറവാണ്.
പാർലമെന്റായ നെസറ്റിലെ സ്പീക്കർ പദവിയും നിർണായക സമിതികളും നഷ്ടപ്പെട്ട നെതന്യാഹുവിന് അധികാരത്തിൽ തുടരാനുള്ള അവസാന പിടിവള്ളിയാണ് ഈ യുദ്ധനീക്കം. ഒരു യുദ്ധമുണ്ടായാൽ പ്രതിപക്ഷ നേതാക്കൾ തനിക്ക് കീഴിൽ അണിനിരക്കാൻ നിർബന്ധിതരാകുമെന്നും, അതുവഴി പ്രധാനമന്ത്രി കസേര സംരക്ഷിക്കാമെന്നുമാണ് നെതന്യാഹു കണക്കുകൂട്ടുന്നത്.
അതേസമയം, ഇസ്രായേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുന്ന 'യാഷാർ' പാർട്ടി നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന് മുന്നിൽ രണ്ട് വലിയ വെല്ലുവിളികളാണുള്ളത്; സുസ്ഥിരമായ ഒരു സർക്കാർ ഉണ്ടാക്കുക, കാവൽ പ്രധാനമന്ത്രി രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് തടയുക എന്നിവയാണവ. നെതന്യാഹുവിന്റെ നീക്കങ്ങൾ മണത്തറിഞ്ഞ ഐസൻകോട്ട് സുരക്ഷാ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം പ്രതികരണമുണ്ടായില്ല. തുടർന്ന് അറ്റോർണി ജനറലിനെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നെതന്യാഹുവും സൈനിക സെക്രട്ടറി ഗൈ മാർക്കിസാനോയും ഐസൻകോട്ടുമായി ചർച്ചയ്ക്ക് തയ്യാറായത്.
എന്നാൽ, ഈ നിർണായക യോഗത്തിൽ പോലും മൊസാദ് തലവൻ അമേരിക്കയിലേക്ക് പോയ വിവരം നെതന്യാഹുവും സൈനിക സെക്രട്ടറിയും മറച്ചുവെച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ഇത്തരം സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സുരക്ഷാ ഏജൻസികളെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കരുതെന്നും ഐസൻകോട്ട് കത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, ദേശീയ സുരക്ഷാ വിഷയങ്ങളെ ഐസൻകോട്ട് രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.
രാഷ്ട്രീയ എതിരാളികൾക്ക് പുറമെ ഇസ്രായേൽ സൈനിക നേതൃത്വത്തിൽ നിന്നുതന്നെ നെതന്യാഹുവിന്റെ യുദ്ധനീക്കത്തിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. ഇറാൻ ആക്രമണ പദ്ധതിയെച്ചൊല്ലി ഐ.ഡി.എഫ്. മേധാവി ഇയാൽ സമീറും നെതന്യാഹുവും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അധികാരം നിലനിർത്താൻ നെതന്യാഹുവിന്റെ 'യുദ്ധതന്ത്രം'; തടയിടാൻ ഐസൻകോട്ടും സൈന്യവും, മൊസാദ് മേധാവി അമേരിക്കയിൽ