തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ല്‍ എയര്‍ ലോഞ്ച് ബാറിന് നല്‍കിയ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവു എടുത്ത തീരുമാനമാണ് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയശങ്കര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവിലൂടെ റദ്ദാക്കിയത്.
FL 7 ലൈസന്‍സിനായി സ്വീകരിച്ച നടപടിക്രമങ്ങളാണ് ഇതോടെ പൂര്‍ണ്ണമായും ഇല്ലാതായത്. ലൈസന്‍സ് ഫീസായി മുന്‍പ് അടച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ട ട്രഷറിയില്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം മാത്രമേ ബാറുകള്‍ക്ക് പുതിയ അനുമതി നല്‍കുകയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യനയം സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ നയത്തിന് പൂര്‍ണ്ണമായും വിരുദ്ധമായാണ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ തന്നെ തുടര്‍നടപടികള്‍ പാടില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മറികടന്ന് നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാറുകൾക്ക് അനുമതിയുള്ളൂ'; സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ