ആലപ്പുഴ: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 2023-ല്‍ നടന്ന നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം ക്രൂരമായി തല്ലിച്ചതച്ച കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍. കേസിലെ നിര്‍ണ്ണായക തെളിവുകള്‍ മറച്ചുവെച്ചും വ്യാജ രേഖകള്‍ ചമച്ചുമാണ് മുന്‍ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പങ്കാളികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഇതിന് മേല്‍നോട്ടം വഹിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് എസ്ഐടി അന്വേഷണം ആരംഭിച്ചു.
പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടി കേസ് ഡയറിയിലെ യഥാര്‍ത്ഥ രേഖകള്‍ പലതും മാറ്റുകയും പകരം പുതിയ വ്യാജ രേഖകള്‍ തിരുകിക്കയറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ആദ്യ അന്വേഷണസംഘം രേഖപ്പെടുത്തിയ സാക്ഷിമൊഴികളും അക്രമത്തിന്റെ ദൃശ്യങ്ങളും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. പ്രതികളെ ബോധപൂര്‍വ്വം സംരക്ഷിക്കാനാണോ ഈ തിരിമറികള്‍ നടത്തിയതെന്ന് എസ്ഐടി വിശദമായി പരിശോധിക്കുകയാണ്. കേസിലെ യഥാര്‍ത്ഥ രേഖകള്‍, സാക്ഷിമൊഴികള്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവയില്‍ എത്രത്തോളം കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും.
കോടതിയില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എസ്ഐടി. ഇതിന്റെ ഭാഗമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. മുന്‍ അന്വേഷണസംഘം തയ്യാറാക്കിയ കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയതുള്‍പ്പെടെ, കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസ് നേരിട്ട് ഇടപെടലുകള്‍ നടത്തിയെന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന എസ്ഐടിയുടെ പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
നവകേരള 'രക്ഷാപ്രവര്‍ത്തനം': ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്ഐടി റിപ്പോര്‍ട്ട്; തെളിവുകള്‍ മുക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
കോടതിയില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എസ്ഐടി. ഇതിന്റെ...