തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ നാലോടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും കാലവര്‍ഷം വരുംദിവസങ്ങളില്‍ വ്യാപിക്കും.
തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ നിലവില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ ജൂണ്‍ 2 മുതല്‍ 8 വരെയുള്ള തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂണ്‍ 2 മുതല്‍ 6 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശിയടിച്ചേക്കാമെന്നതിനാല്‍ തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കെ.എസ്.ഇ.ബി എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററും അറിയിച്ചു.
കാലവര്‍ഷം ജൂണ്‍ നാലോടെ കേരളത്തില്‍; ഒരാഴ്ചത്തേക്ക് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യത