തിരുവനന്തപുരം: ഫയലുകളുടെ പുറത്ത് അടയിരുന്ന് വ്യവസായ സംരംഭങ്ങള്‍ വൈകിപ്പിക്കുകയോ മുടക്കുകയോ ചെയ്യുന്ന പഴയ രീതി ഇനി കേരളത്തില്‍ ഉണ്ടാകില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിയമപരമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക അതോറിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളികളായ സംരംഭകര്‍ നിക്ഷേപത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറിപ്പോകുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത ഒട്ടേറെ നൂതന വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ വിജയകരമായി ആരംഭിക്കുവാന്‍ സാധിക്കുമെന്നും, അത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി