തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം (SIT) സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിജിപി റവാഡാ ചന്ദ്രശേഖറിന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാർ നടപടികൾക്കായി കൈമാറും. മുൻ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശയുണ്ട്.
സ്പോൺസറെ വഴിവിട്ട് സഹായിക്കാനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്യായ ലാഭമുണ്ടാക്കാനും മന്ത്രി കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'യെ സ്പോൺസറായി തിരഞ്ഞെടുത്തത്, മന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ സംശയാസ്പദമായ കത്തിടപാടുകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തുന്നതിനായി നടത്തിയ വിദേശയാത്രകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ താൻ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ മുൻ മന്ത്രി അവകാശപ്പെട്ടത്. കേസിൽ മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്നും, സ്വതന്ത്രമായി അന്വേഷണം നടത്താൻ എസ്.ഐ.ടിക്ക് പൂർണ്ണ അധികാരമുണ്ടെന്നും നിലവിലെ കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു. ലഭിച്ച മൊഴികളും രേഖകളും പുനഃപരിശോധിച്ച ശേഷമായിരിക്കും വി. അബ്ദുറഹിമാനെ പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.