മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച. മധുര ബൈപാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഷോറൂമിൽ നിന്നും ഏകദേശം 500 പവനോളം (നാല് കിലോ) സ്വർണാഭരണങ്ങളാണ് കവർന്നത്. ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകടന്നാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
പത്ത് ദിവസം മുമ്പ് മാത്രമാണ് ഈ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിർമ്മാണ ജോലികൾ ഇവിടെ നടന്നുവരികയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.എസ്. കോളനി പൊലീസ് ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ പരിശോധന നടത്തി. ഷോറൂമിലുണ്ടായിരുന്ന ആകെ സ്വർണത്തിന്റെ ഏകദേശം 30 ശതമാനത്തോളം കവർച്ച ചെയ്യപ്പെട്ടതായി മധുര സിറ്റി പൊലീസ് കമ്മീഷണർ രാജേന്ദ്രൻ വ്യക്തമാക്കി. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു