കൊച്ചി: മാസപ്പടി ഇടപാടില്‍ ഇ.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ പുതിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും, മുഖ്യമന്ത്രി എന്ന നിലയില്‍ സി.എം.ആര്‍.എല്ലിന് അനുകൂലമായി എന്തെങ്കിലും ചെയ്തതായി ഇ.ഡി കത്തിലില്ലെന്നുമാണ് പിണറായി വിജയന്റെ വാദം.
എന്നാല്‍, തെളിവുകളുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഒപ്പം, ഉത്തരവില്‍ കക്ഷികളല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അനുമതി തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതിക്കായുള്ള പുതിയ അപേക്ഷ കോടതിയുടെ മുന്നിലെത്തുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്:
ഒന്നാം കേസ് (മാസപ്പടി ഇടപാട്): ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിട്ടില്ലാത്ത സേവനത്തിനായി വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈപ്പറ്റിയ കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. ഇത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വാങ്ങിയ കൈക്കൂലിയാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. മകള്‍ വീണ രണ്ടാം പ്രതിയും സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ 7 പേര്‍ മറ്റ് പ്രതികളുമാണ്.
രണ്ടാം കേസ് (ഹവാല ഇടപാട്): മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ച 85 ലക്ഷം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയ കേസില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ വിജയന്‍ രണ്ടാം പ്രതിയുമാണ്. യു.എ.ഇ കേന്ദ്രീകരിച്ച് നടത്തിയ ഈ ഗൂഢാലോചനയ്ക്ക് തെളിവായി വീണയുടെ വസതിയില്‍ നിന്ന് കൈയെഴുത്ത് കുറിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. എട്ട് പേരാണ് ഈ കേസില്‍ പ്രതികള്‍.
അഴിമതി തടയല്‍ നിയമപ്രകാരം തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (SIT) നിയമിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍; നിര്‍ണായകം