മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. കേസില്‍ ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി നിശ്ചയിച്ച തീയതിയില്‍ ഹാജരാകാനാകില്ലെന്നാണ് പിമറായി വിജയന്‍ മറുപടി നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ നിശ്ചയിച്ച തീയതിയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍, തുടര്‍നടപടികളുടെ ഭാഗമായി മറ്റൊരു തീയതി നിശ്ചയിച്ച് വീണ്ടും സമന്‍സ് അയക്കാനാണ് ഇ.ഡി.യുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചി ഓഫീസില്‍ ഉന്നതതല അടിയന്തര യോഗങ്ങള്‍ നടന്നുവരികയാണ്. ചെന്നൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മാസപ്പടി കേസിലെ അന്വേഷണത്തിന്റെ പുരോഗതിയും, ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിയമവശങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.
മാസപ്പടി കേസില്‍ അന്വേഷണം തുടരാന്‍ ഇ.ഡി.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഈ ഘട്ടത്തില്‍ ഏറെ നിര്‍ണായകമാണ്. ഇത് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കി ഇ.ഡി; കൊച്ചിയില്‍ ഉന്നതതല യോഗങ്ങള്‍ പുരോഗമിക്കുന്നു