നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ യുവാക്കള്‍ക്ക് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. യുവതലമുറയുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കണമെന്നും അവരെ സംരക്ഷിക്കണമെന്നും മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.
'ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് നമ്മുടെ യുവതലമുറയാണ്. അവരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കുക. അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക,' മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. താരം പങ്കുവെച്ച സന്ദേശം നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഡല്‍ഹി ജന്തര്‍ മന്തറിലടക്കം വിദ്യാര്‍ഥികളും സി.ജെ.പി പ്രവര്‍ത്തകരും നടത്തിവരുന്ന സമരം രാജ്യ ശ്രദ്ധ നേടുന്നതിനിടയിലാണ് മമ്മൂട്ടിയുടെ ഈ പരസ്യ പിന്തുണ.
അതേസമയം, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി ആഹ്വാനം ചെയ്തു. പ്രതിഷേധ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ഉറക്കെ വായിക്കണമെന്നും വിദ്യാര്‍ഥി യൂണിയനുകളും മറ്റ് സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സി.ജെ.പി എക്സിലൂടെ ആവശ്യപ്പെട്ടു.
'യുവാക്കളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്, അവരെ കേള്‍ക്കൂ;' വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി