ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലിയില്‍ ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രശസ്തമായ 'ജോണി ജോണി യെസ് പപ്പാ' എന്ന ബാലകവിതയെ പാരഡി ഗാനമാക്കി മാറ്റിയായിരുന്നു മമതയുടെ വിമര്‍ശനം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ബി.ജെ.പിയുടെയും നടപടികളെ ചോദ്യം ചെയ്തുകൊണ്ട് മമത ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അണികള്‍ ആവേശത്തോടെ കവിതയുടെ ശൈലിയില്‍ മറുപടി നല്‍കി:
'വാനിഷ് വാനിഷ്? യെസ് പപ്പാ!
വോട്ട് മോഷണമോ? യെസ് പപ്പാ!
ജനാധിപത്യ മോഷണമോ? യെസ് പപ്പാ!
ആരാണ് കൊള്ളയടിച്ചത്? ബി.ജെ.പി പപ്പാ!
തൊഴിലും അന്തസ്സും കര്‍ഷകരുടെ ആദരവും തകര്‍ത്തത് ആരാണ്? ബി.ജെ.പി പപ്പാ!'
ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാര്‍' എന്ന് വിശേഷിപ്പിച്ച മമത, രാജ്യത്തിന് ബി.ജെ.പിയെയും 'വാനിഷ് കുമാറിനെയും' ആവശ്യമില്ലെന്ന് ജനങ്ങളെക്കൊണ്ട് ഉറക്കെ പറയിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ പശ്ചിമ ബംഗാളില്‍ നിന്ന് ഒരു കോടിയിലധികം വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തതെന്ന് മമത ആരോപിച്ചു. ഗ്യാനേഷ് കുമാര്‍ വോട്ടുകള്‍ വെട്ടിമാറ്റുക മാത്രമല്ല ചെയ്തതെന്നും, കേന്ദ്രീകൃതമായ ഇടപെടലുകളിലൂടെ വോട്ടെണ്ണല്‍ പ്രക്രിയയെത്തന്നെ ഇല്ലാതാക്കുകയാണുണ്ടായതെന്നും അവര്‍ തുറന്നടിച്ചു.
'ഞങ്ങള്‍ തോറ്റതല്ല, മറിച്ച് ഞങ്ങളെ തോല്‍പ്പിക്കുകയായിരുന്നു. ഇതിന് ജനാധിപത്യപരമായ പോരാട്ടത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും തങ്ങള്‍ പ്രതികാരം ചെയ്യും,' മമത വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുതുക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികളെ ബി.ജെ.പിക്ക് അനുകൂലമായ 'സ്പെഷ്യല്‍ ഇന്‍സെന്റീവ് റിലീഫ്' എന്നും അവര്‍ പരിഹസിച്ചു.
'വാനിഷ് വാനിഷ്? യെസ് പപ്പാ!'വോട്ട് മോഷണമോ? യെസ് പപ്പാ!; രാംലീലയില്‍ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് മമത ബാനര്‍ജി