ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രശസ്ത മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലധികം ചിത്രങ്ങളില്‍ ചമയമാളായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട് സിനിമാലോകത്തിന് വലിയൊരു നഷ്ടമാണ്.
തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്‍ തന്റെ പതിനാറാം വയസ്സിലാണ് മലയാള സിനിമയിലെത്തുന്നത്. നടന്‍ സത്യന്റെ പേഴ്സണല്‍ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജന്റെ സഹായിയായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് പ്രശസ്ത ഛായാഗ്രാഹകന്‍ ജെ. വില്യംസിന്റെ സഹായിയായും തമിഴില്‍ അസിസ്റ്റന്റ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1972-ല്‍ പുറത്തിറങ്ങിയ 'പുള്ളിമാന്‍' എന്ന ചിത്രത്തിലൂടെ ഔദ്യോഗികമായി മേക്കപ്പ് അസിസ്റ്റന്റായി. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായി മാറി. 1978-ല്‍ ജെ. വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന ചിത്രത്തിലൂടെയാണ് പാണ്ഡ്യന്‍ സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം, ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെയും മേക്കപ്പ്മാനായിരുന്നു. എന്‍.ടി.ആര്‍, എസ്.വി.ആര്‍, കൃഷ്ണ, രജനികാന്ത്, കമലഹാസന്‍ തുടങ്ങിയവരോടൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2001-ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ മികച്ച ചമയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമാമേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ അന്തരിച്ചു