ചെന്നൈ: മുഖ്യമന്ത്രിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഡിഎംകെ കൗണ്‍സിലര്‍ ഡി. സുധയ്ക്ക് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ വാര്‍ഡ് 95 കൗണ്‍സിലറും ഡിഎംകെ വനിതാ വിഭാഗം ഭാരവാഹിയുമായ സുധയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റിസ് എന്‍. രമേഷാണ്. രാഷ്ട്രീയ പ്രസംഗങ്ങളും വിമര്‍ശനങ്ങളും എത്രത്തോളം ശത്രുതാപരമായാലും അവ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരം സംരക്ഷിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
ഭരണതലത്തില്‍ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ തങ്ങളെക്കുറിച്ച് വരുന്ന വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് കോടതി വ്യക്തമാക്കി. ഒരു വാര്‍ഡ് കൗണ്‍സിലറുടെ വാക്കുകള്‍ കൊണ്ട് തകര്‍ന്നുപോകാന്‍ തക്കവധം ദുര്‍ബലമല്ല സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങളോട് പക്വതയോടെയും ഉദാരമായും പെരുമാറേണ്ടത് ഭരണഘടന ആവശ്യപ്പെടുന്ന കാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 7-ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടയിലാണ് ഡി. സുധ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ടിവികെ പ്രവര്‍ത്തകന്റെ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രസംഗം വൈകാരികാവസ്ഥയിലായിരുന്നെന്നും തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ മാപ്പപേക്ഷ നല്‍കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
കേസിന്റെ എഫ്‌ഐആര്‍ ഇട്ട രീതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല, മറിച്ച് നിഷ്പക്ഷമായാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. പോലീസ് സേവനം ഭരണകക്ഷിക്കല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിനെ അതിജീവിക്കുന്ന ഭരണസംവിധാനത്തിനാണ് ലഭ്യമാക്കേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പരാതി വരുമ്പോള്‍ അതിവേഗം പ്രവര്‍ത്തിക്കുന്ന പോലീസ്, ഭരണപക്ഷത്തുനിന്നുള്ളവര്‍ക്കെതിരെ പരാതി വരുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രശസ്തരുടെ കാര്യത്തില്‍മാത്രം ഇടപെടലുകള്‍ നടത്തുന്ന രീതി മാറണമെന്നും സാധാരണക്കാരനും നീതി ഉറപ്പാക്കപ്പെടണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
പ്രസംഗത്തിലെ ഭാഷയോട് യോജിക്കാനാവില്ലെങ്കിലും, പ്രതി കുറ്റസമ്മതം നടത്താന്‍ തയ്യാറായ സാഹചര്യത്തിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലാത്തതിനാലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണുണ്ടായത്. ജാമ്യ വ്യവസ്ഥയായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. അത്തരത്തിലുള്ള നിബന്ധനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയാണുണ്ടായത്.
'മുഖ്യമന്ത്രി പദവി അത്ര ദുര്‍ബലമല്ല'; രാഷ്ട്രീയ വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണം': ഡിഎംകെ കൗണ്‍സിലര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഡിഎംകെ കൗൺസിലർ ഡി. സുധയ്ക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.