കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പുതിയ സ്ഥിരം എം.ഡിയെ സർക്കാർ തീരുമാനിക്കുന്നത് വരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും.
2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കെ.എം.ആർ.എൽ എം.ഡിയായി ചുമതലയേൽക്കുന്നത്. തുടർന്ന് എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ, ഭരണപരമായ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറിയത്.