ന്യൂഡല്‍ഹി: ബോളിവുഡ് പ്രമുഖരെ ഭീഷണിപ്പെടുത്തുന്നതിലും കവര്‍ച്ചാ ശൃംഖലകള്‍ വിദേശത്തിരുന്ന് നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിച്ച പ്രമുഖ ഗുണ്ടാസംഘ തലവന്‍ 'ഹാരി ബോക്‌സര്‍' എന്നറിയപ്പെടുന്ന ഹരിചന്ദ് ജാട്ട് അമേരിക്കയില്‍ പിടിയിലായി. ലോറന്‍സ് ബിഷ്ണോയ് ഗാംഗിന്റെ പ്രധാന അനുയായിയും ഹരിയാന പൊലീസിന്റെ ക്രിമിനല്‍ പട്ടികയിലുള്ളയാളുമാണ് ഹാരി ബോക്‌സര്‍.
ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെയും ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാലിഫോര്‍ണിയയില്‍ വെച്ചാണ് യു.എസ് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാരി ബോക്‌സറെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ സി.ബി.ഐയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഗാങ്സ്റ്റര്‍മാരായ ഹിമാന്‍ഷു ഭാവു, നീരജ് ഫരീദ്പൂരിയ എന്നിവരും യു.എസില്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഹാരി ബോക്‌സറായിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, തുഷാര്‍ കപൂര്‍ എന്നിവര്‍ക്കും കാനഡയിലുള്ള കോമേഡിയന്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പിനും പിന്നില്‍ ഇയാളുടെ ഭീഷണിയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ശബ്ദസന്ദേശങ്ങളിലൂടെയുമാണ് ഇയാള്‍ സിനിമാ മേഖലയിലെ പ്രമുഖരെ ഭീഷണിപ്പെടുത്തിയിരുന്നത്.
രാജസ്ഥാനിലെ കോട്പൂട്ലി-ബെഹ്രോര്‍ സ്വദേശിയായ ഹരിചന്ദ് ജാട്ട് ജയ്പൂരില്‍ പഠിക്കുന്ന സമയത്താണ് ബോക്‌സിംഗ് അഭ്യസിക്കുന്നത്. ഇതോടെയാണ് 'ബോക്‌സര്‍' എന്ന പേര് ലഭിച്ചത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയും ബോക്‌സിംഗ് കോച്ചായി ജോലി ചെയ്യുകയും ചെയ്ത ശേഷമാണ് ഇയാള്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ ചേര്‍ന്ന ഇയാള്‍ വിദേശത്തിരുന്ന് സംഘത്തിന്റെ കവര്‍ച്ചാ ശൃംഖലകളും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി നിരവധിക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ലോറന്‍സ് ബിഷ്ണോയ് ജയിലിലാണെങ്കിലും വിദേശത്തിരുന്ന് ഇത്തരം സംഘങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഹാരി ബോക്‌സറുടെ അറസ്റ്റ് നിര്‍ണായക വഴിത്തിരിവാകും.
ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ