തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (KTU) നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ത്ഥികളുടെ കടുത്ത ആശങ്ക കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നടത്തിയ അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. നാളെ (ജൂണ്‍ 9, ചൊവ്വാഴ്ച) നടത്താനിരുന്ന രണ്ടാം വര്‍ഷ എം.സി.എ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (ജൂണ്‍ 8, തിങ്കള്‍) വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം മാത്രം അറിയിപ്പ് ലഭിച്ചതോടെ ദൂരസ്ഥലങ്ങളിലും മറ്റ് ജില്ലകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട മന്ത്രി, പരീക്ഷകള്‍ അടിയന്തരമായി മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചതായി എക്‌സാം കണ്‍ട്രോളര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
കെ.ടി.യു വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം; നാളത്തെ എംസിഎ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു, അടിയന്തര ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ