തിരുവനന്തപുരം: കെഎസ്ടിപി പദ്ധതി അഴിമതി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം വീണ്ടും നിര്‍ണായക ഘട്ടത്തിലേക്ക്. കേസില്‍ പദ്ധതിയിലെ ഉപകരാറുകാരനായ വി.ഒ. സാജന്റെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തി. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ആദ്യഘട്ട മൊഴിയെടുപ്പ് നടന്നത്. 2007-ലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതടക്കമുള്ള നിര്‍ണായക വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയതായി സാജന്‍ വ്യക്തമാക്കി.
ഗ്യാനേഷ് കുമാര്‍ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കരാറുമായി ബന്ധപ്പെട്ട ബില്ലുകള്‍ തടഞ്ഞുവെച്ചെന്നുമാണ് വി.ഒ. സാജന്റെ പ്രധാന ആരോപണം. മുന്‍ കരാറുകാരി ലീസി ബിന്‍ മരിക്കുന്നതിന് മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയിരുന്നതായും കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കും ഇത് അറിയാമായിരുന്നുവെന്നും അദ്ദേഹം വിജിലന്‍സിന് മൊഴി നല്‍കി. ബില്ലുകള്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം ലീസി ബിന്‍ പങ്കുവെച്ചിരുന്നു.
നേരത്തെ അന്വേഷണം നിലച്ച മട്ടിലായിരുന്ന കേസില്‍ സാജന്‍ പുതിയ പരാതി നല്‍കിയതോടെയാണ് നടപടികള്‍ വീണ്ടും ഊര്‍ജ്ജിതമായത്. പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷമാണ് വിജിലന്‍സ് അന്വേഷണം പുനരുജ്ജീവിപ്പിച്ചത്. മുന്‍ അന്വേഷണ വേളയില്‍ ഗ്യാനേഷ് കുമാറിന് അനുകൂലമായ മൊഴികള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും സാജന്‍ ചൂണ്ടിക്കാട്ടി. സാജന്‍ കൈമാറിയ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
'ഗ്യാനേഷ് കുമാര്‍ 2 കോടി കൈക്കൂലി ചോദിച്ചു, ബില്ലുകൾ തടഞ്ഞുവെച്ചു'; പരാതിക്കാരന്‍ വി.ഒ. സാജന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്