തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്ക്കായി വിപുലമായ യാത്ര സൗകര്യങ്ങളുമായി കെഎസ്ആര്ടിസി. തീര്ഥാടകര്ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളും ആദ്യഘട്ടത്തില് സര്വീസ് നടത്തുമെന്ന് കെഎസ്ആര്ടിസി വാര്ത്താക്കുറിപ്പില് അറിയിച്ചു. തിരക്ക് വര്ധിക്കുന്നതിനനുസരിച്ച് കൂടുതല് ബസുകള് വിന്യസിക്കാനും ലീസ് വ്യവസ്ഥയില് ബസുകള് ലഭ്യമാക്കാനും നടപടിയെടുത്തിട്ടുണ്ട്.
പമ്പ-നിലയ്ക്കല് ചെയിന് സര്വീസുകള്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പ്രത്യേക സര്വീസുകള് ക്രമീകരിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കല്, ചെങ്ങന്നൂര്, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെന്ട്രല്, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂര്, അടൂര്, തൃശൂര്, ഗുരുവായൂര്, കായംകുളം തുടങ്ങിയ സ്ഥലങ്ങളില് നിന്നാണ് പ്രധാനമായും സ്പെഷ്യല് സര്വീസുകള് ഉണ്ടായിരിക്കുക. ഇതില് മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരില് യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിക്കും.
രണ്ട് ഘട്ടങ്ങളിലായി ആകെ 1,456 ജീവനക്കാരെയാണ് സര്വീസുകളുടെ സുഗമമായ നടത്തിപ്പിനായി നിയോഗിക്കുന്നത്. മണ്ഡലപൂജാ ഘട്ടത്തില് 678 പേരെയും മകരവിളക്ക് ഘട്ടത്തില് 778 പേരെയും പമ്പയിലും നിലയ്ക്കലുമായി ചുമതലപ്പെടുത്തും. ഡ്രൈവര്മാര്, കണ്ടക്ടര്മാര്, ഇന്സ്പെക്ടര്മാര്, മെക്കാനിക്കുകള്, സുരക്ഷാ ജീവനക്കാര് തുടങ്ങിയവരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തില് 325 ഡ്രൈവര്മാരും 225 കണ്ടക്ടര്മാരും രണ്ടാംഘട്ടത്തില് 375 ഡ്രൈവര്മാരും 275 കണ്ടക്ടര്മാരും സേവനത്തിനുണ്ടാകും. ജീവനക്കാര്ക്ക് ഫയര് ആന്ഡ് റെസ്ക്യൂ, മെഡിക്കല് പരിശീലനങ്ങളും മെക്കാനിക്കല് വിഭാഗത്തിന് പ്രത്യേക സാങ്കേതിക പരിശീലനവും നല്കിയിട്ടുണ്ട്.
കെഎസ്ആര്ടിസി ബജറ്റ് ടൂറിസം സെല് വഴി ശബരിമല തീര്ഥാടനത്തിനായി ചാര്ട്ടേഡ് ട്രിപ്പുകളും ഓണ്ലൈന് റിസര്വേഷന് സൗകര്യവും ഏര്പ്പെടുത്തും. വിവിധ ഡിപ്പോകള്ക്ക് സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് സര്വീസുകള് നടത്തും. ഭക്തര്ക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി തെരഞ്ഞെടുക്കപ്പെട്ട 70-ല്പരം ക്ഷേത്രങ്ങളുടെ വിവരങ്ങള് ഉടന് പ്രസിദ്ധീകരിക്കും. കൂടാതെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പുതിയ സര്വീസുകളും അധിക ട്രിപ്പുകളും അനുവദിക്കും.
പമ്പയിലും നിലയ്ക്കലിലും ബസ് പാര്ക്കിങ്, ഗാരേജ്, ജീവനക്കാരുടെ താമസ-ശുചിത്വ സൗകര്യങ്ങള് എന്നിവ വര്ദ്ധിപ്പിക്കും. ത്രിവേണിയില് യാത്രക്കാര്ക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും നിര്മ്മിക്കും. സമാന്തര സര്വീസുകളും അനധികൃത പാര്ക്കിങ്ങും തടയാന് പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കാന് പമ്പ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് പ്രത്യേക ഏകോപന സംവിധാനം ഏര്പ്പെടുത്തുമെന്നും പരാതിരഹിതമായ യാത്ര സൗകര്യം ഉറപ്പാക്കാന് കെഎസ്ആര്ടിസി പൂര്ണ്ണ സജ്ജമാണെന്നും അധികൃതര് അറിയിച്ചു.
ശബരിമല തീര്ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്ടിസി; മണ്ഡലകാലത്ത് 461 ബസുകള്, മകരവിളക്കിന് 561