കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങുന്നതിനായി സംഭാവന നൽകി. അങ്കമാലി മൂക്കന്നൂർ സ്വദേശിയും വ്യവസായിയുമായ ജോസാണ് 40 ലക്ഷം രൂപ കെഎസ്ആർടിസിക്ക് കൈമാറിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ തുകയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇതൊരു നല്ല തുടക്കമാകട്ടെയെന്നും കൂടുതൽ ആളുകളും സ്ഥാപനങ്ങളും കെഎസ്ആർടിസിയെ സഹായിക്കാൻ മുന്നോട്ടുവരട്ടെയെന്നും ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറുകയും തുടർന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അത് ഏറ്റുവാങ്ങുകയും ചെയ്തു.
അങ്കമാലി മണ്ഡലത്തിൽ 'ഹീമാൻ ഓട്ടോ റോബോ പാർക്ക്' എന്ന സ്ഥാപനം നടത്തുന്ന ആളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് അദ്ദേഹം ബസ് വാങ്ങി നൽകാൻ മുന്നോട്ടുവന്നത്. ഈ വിഷയം അദ്ദേഹം ആദ്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രാദേശിക എംഎൽഎയുമായ റോജി എം. ജോണിനെ അറിയിക്കുകയായിരുന്നു. തുടർന്ന് റോജി എം. ജോൺ ഗതാഗത മന്ത്രി സി.പി. ജോണുമായി സംസാരിക്കുകയും നേരിട്ട് തുക കൈമാറാൻ അവസരമൊരുക്കുകയുമായിരുന്നു. ജോസേട്ടന്റെ ഈ തീരുമാനം ഏറെ മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നും അതിരപ്പള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ ഓടിക്കണമെന്നുമുള്ള അഭ്യർത്ഥന മാത്രമാണ് ജോസ് മുന്നോട്ടുവെച്ചത്. ഈ ആവശ്യം അംഗീകരിച്ച ഗതാഗത മന്ത്രി, ജോസ് നിർദ്ദേശിക്കുന്ന റൂട്ടിൽ തന്നെ സർവീസ് നടത്തുമെന്ന് ഉറപ്പുനൽകി. മുൻപ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ തുക നൽകിയിരുന്നെങ്കിലും, ഒരു സ്വകാര്യ വ്യക്തി മുന്നോട്ടുവരുന്നത് ഇതാദ്യമാണെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി ബസുകൾ സ്‌പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നുണ്ട്. വ്യക്തികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കും സിഎസ്ആർ (CSR) ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങി നൽകാവുന്നതാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.