കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി, വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുക.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ആനുകൂല്യം ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഈ കാലയളവിലെ സ്ത്രീകളുടെ യാത്രാ രീതികളും മറ്റ് പ്രായോഗിക വശങ്ങളും കൃത്യമായി പഠിച്ച ശേഷമായിരിക്കും രണ്ടാം ഘട്ടത്തിൽ ഉയർന്ന ക്ലാസ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുക.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം എപ്രകാരം നികത്താമെന്നും ഇതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ 100 ദിവസത്തെ പദ്ധതിയുടെ ഫീഡ്ബാക്ക് കൂടി വിലയിരുത്തിയാകും ധനവകുപ്പ് തുടനടപടികൾ സ്വീകരിക്കുക.