തിരുവനന്തപുരം നഗരസഭാ ഭരണം കുത്തഴിഞ്ഞു; എങ്ങനെ ഭരിക്കണം എന്ന് അറിയാതെ മേയറും കൂട്ടരും അവ്യക്തതയില്‍ കഴിയുന്നു'; ബിജെപിക്കെതിരെ കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം നഗരസഭയിലെ ഭരണം പൂർണ്ണമായും കുത്തഴിഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം നഗരസഭയ്ക്കും മേയർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. നഗരസഭ എങ്ങനെ ഭരിക്കണമെന്നറിയാതെ മേയറും കൂട്ടരും കടുത്ത അവ്യക്തതയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിലായതോടെ നഗരസഭാ കൗൺസിൽ യോഗം പോലും വിളിച്ചുചേർക്കാൻ തയ്യാറാകാതെ മേയർ ഒളിച്ചുകളിക്കുകയാണെന്ന് ശബരീനാഥൻ കുറ്റപ്പെടുത്തി. അറസ്റ്റിലായ ഒരൊറ്റ കൗൺസിലർക്ക് വേണ്ടി നഗരസഭയുടെ ഭരണം മുഴുവൻ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹൈക്കോടതി ഉത്തരവിട്ട പ്രകാരമുള്ള കൗൺസിലർമാരുടെ പുനഃസത്യപ്രതിജ്ഞ ജൂൺ 29-ന് തന്നെ നടത്തണമെന്നും അതിൽ യാതൊരു മാറ്റവും വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദങ്ങളിൽപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവം കാട്ടിയത് നിലവിലെ യുഡിഎഫ് സർക്കാരാണെന്ന് ശബരീനാഥൻ ഓർമ്മിപ്പിച്ചു. സുഗതന് വേണ്ടി സത്യപ്രതിജ്ഞാ ചടങ്ങുകൾ നീട്ടിവെക്കാനുള്ള നഗരസഭയുടെ നീക്കം യുഡിഎഫ് അനുവദിക്കില്ല. കഴിഞ്ഞ ഏപ്രിൽ 27-ന് നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തതായി ആർക്കും അറിവില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന 29-ലെ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുമെന്നും കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.