തിരുവനന്തപുരം: സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായി നയിക്കുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് നടക്കും. എ.ഐ.സി.സി ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന മാര്‍ച്ച് വൈകുന്നേരം നാലിന് ലോക് ഭവനിലേക്ക് ആരംഭിക്കും. മാര്‍ച്ചിന്റെ ഭാഗമായി സെപ്റ്റംബര്‍ 26-ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കും ഡി.സി.സി-കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന നിലപാടുകളാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഭരണകക്ഷിക്ക് സഹായകരമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നത്. കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ കടുത്ത വിയോജിപ്പുകള്‍ മറികടന്നുകൊണ്ട് ബി.ജെ.പിക്ക് അനുകൂലമായി ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ജനാധിപത്യ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരവും നിഷ്പക്ഷതയും വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ലോക്ഭവനിലേക്ക് ഇന്ന് കെ.പി.സി.സിയുടെ പ്രതിഷേധ മാര്‍ച്ച്