കോവളം സ്പാ പീഡനക്കേസിൽ തമിഴ്നാട് ഉദയ മാർത്താണ്ഡം സ്വദേശിയായ ജിമിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും പരിശോധിച്ച അന്വേഷണ സംഘം, പ്രതി പെൺകുട്ടിയെ സ്പായിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചതായി കണ്ടെത്തി. കോവളത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജിമിലിന്റെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി ഉയർന്നു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
കേസുമായി ബന്ധപ്പെട്ട് വെങ്ങാനൂർ സ്വദേശിനിയും നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ മായയെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് ഉൾപ്പെടെയുള്ളവരും നേരത്തെ അറസ്റ്റിലായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ച മാതൃസഹോദരിയെയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കോവളത്തെ 'ആയുർകേരള', 'ഡാലിയ ഹോം', 'കേരള ആയുർവേദ' എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി അതിക്രമങ്ങൾ നടന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമാണ് ഏറ്റെടുത്തിരുന്നത്. ചെന്നൈയിലെയും മുംബൈയിലെയും സ്പാകളിൽ വെച്ചും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനം സഹിക്കവയ്യാതെ വന്നതോടെ കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് വിവരങ്ങൾ വെളിപ്പെടുത്തി പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയായിരുന്നു.
തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയുടെ കൈവശം 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് തിരിച്ചറിയൽ രേഖകൾ (ആധാർ കാർഡുകൾ) പോലീസ് കണ്ടെത്തി. തുടർപരിശോധനയിൽ പെൺകുട്ടിക്ക് 16 വയസ്സേയുള്ളൂവെന്ന് (പ്രായപൂർത്തിയായിട്ടില്ല) സ്ഥിരീകരിക്കുകയും തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അവിടെവെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞതും പോലീസ് കേസ് വിപുലമാക്കിയതും.
കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തമിഴ്നാട് സ്വദേശി ജിമിലിനാണ് അറസ്റ്റിലായത്,ആകെ അറസ്റ്റ് ഒമ്പതായി