പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടെന്ന വാദം നുണ; കപട ആദര്‍ശം പറഞ്ഞ് പാവപ്പെട്ടവരുടെ വയറ്റത്തടിക്കില്ലെന്ന് കെ എം ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന വീടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ എംബ്ലം വെക്കുന്നതില്‍ തെറ്റില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ആവര്‍ത്തിച്ചു. വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്ര എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടാകാറില്ലെന്നും, ഇതുവരെ നിര്‍മ്മിച്ച വീടുകളിലെ എംബ്ലങ്ങളിലൊന്നും അദ്ദേഹത്തിന്റെ ചിത്രം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പിഎംഎവൈ ഭവന പദ്ധതിയില്‍ കേന്ദ്രത്തിന്റെ എംബ്ലം വെക്കുക എന്നത് ഒരു നിബന്ധന മാത്രമാണ്.
ഒരു ലക്ഷത്തിലധികം പേര്‍ക്ക് വീട് ലഭിക്കുന്ന വലിയൊരു ജനക്ഷേമ പദ്ധതിയാണിത്. അതില്‍ ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടസ്സം നില്‍ക്കാന്‍ കഴിയില്ലെന്നും എന്തിനാണ് പാവപ്പെട്ട ആളുകളുടെ വയറ്റത്തടിക്കുന്നതെന്നും മന്ത്രി ചോദിച്ചു. മുന്‍പ് ഇ.എം.എസ് ഭവന പദ്ധതി വിഭാവനം ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ പിഎംഎവൈ പദ്ധതിയെ എതിര്‍ക്കുന്നത്. കൃത്യമായി നല്‍കേണ്ട സംസ്ഥാന വിഹിതം ഇല്ലാത്തതുകൊണ്ടാണ് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ഭവന പദ്ധതിയില്‍ നിന്നും പിന്മാറിയത്. അല്ലാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ളതുകൊണ്ടാണ് പിന്മാറിയതെന്ന ഇടതുപക്ഷത്തിന്റെ വാദം വെറും നുണയാണെന്നും കെ.എം. ഷാജി പ്രതികരിച്ചു.
തനിക്കെതിരെ എ.കെ. ബാലന്‍ നടത്തിയ വിമര്‍ശനങ്ങളെ ഒരു തമാശയായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ബാലന്‍ അങ്ങനെ പലതും പറയും. ഇപ്പോള്‍ ഭരണപക്ഷത്ത് എത്തിയപ്പോള്‍ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. ആ ചുമതല ഭംഗിയായി നിര്‍വഹിക്കാനാണ് ശ്രമിക്കുന്നത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.